ഗ്നു/ലിനക്സ് – ഡിജിറ്റൽ ലോകത്തെ സ്വാതന്ത്ര്യം

ബാലശങ്കർ സി

സ്വാതന്ത്ര്യം എന്നതു് നിത്യജീവിതത്തിൽ നമ്മൾ വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണു്. നമുക്കിഷ്ടമുള്ള വസ്ത്രം ധരിക്കാൻ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, ഇഷ്ടമുള്ള ജോലി ചെയ്യാൻ എന്നിങ്ങനെ നാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന, അനുഭവിക്കുന്ന പല മേഖലകളുമുണ്ട്. പക്ഷേ, ഇന്നിന്റെ ശരിയായ ടെക്നോളജിയിലേക്ക് വരുമ്പോൾ, പലപ്പോഴും നമ്മൾ നമ്മുടെ സ്വാതന്ത്ര്യത്തെ പണയം വയ്ക്കുന്നതായാണു് കാണുന്നത്.

ടെക്നോളജി പ്രൊവൈഡർമാർ (Vendors) അവരുടെ ഇഷ്ടത്തിനു് നമുക്ക് തരുന്ന ചില സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് ശീലിച്ചുപോയിരിക്കുന്നു നമ്മൾ. അജ്ഞതയാണു് ഇതിന്റെ ഒരു പ്രധാന കാരണം. നമുക്ക് വേണ്ടതെന്താണെന്നോ, നമുക്ക് താൽപര്യമുള്ള രീതിയിൽ ടെക്നോളജിയെ സജ്ജീകരിക്കാമെന്നോ, അതിനുള്ള പോംവഴികൾ ഇപ്പോൾ തന്നെ ലഭ്യമാണെന്നോ എന്നൊന്നും പലർക്കും ഇപ്പോളും അറിയില്ല. ടെക്നോളജി അധിഷ്ഠിതമായി മാത്രമേ ലോകം മുന്നോട്ട് പോകൂ എന്ന അവസ്ഥ വന്നിരിക്കുന്ന സ്ഥിതിക്ക്, ഡിജിറ്റൽ ലോകത്തെ നമ്മുടെ സ്വാതന്ത്ര്യങ്ങളെ പറ്റി നാം സ്വയം ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. അതിലേക്കുള്ള ആദ്യപടിയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ

ഉപയോക്താവിന്റെ സ്വാതന്ത്യങ്ങളെ കാത്തുസൂക്ഷിക്കുന്ന സോഫ്റ്റ്‌വെയർ പ്രോഗ്രാമുകളെയാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ (Free/Libre Softwares) എന്നതുകൊണ്ട് നിർവചിക്കുന്നത്. പൊതുവായി നാല് സ്വാതന്ത്ര്യങ്ങളാണു് ഈ സോഫ്റ്റ്‌വെയറുകൾ സംരക്ഷിക്കുന്നത്:

  1. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം.

  2. സോഫ്റ്റ്‌വെയർ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് പഠിക്കാനും, നിങ്ങളുടെ ആവശ്യാനുസണം അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം.

  3. നിങ്ങൾക്ക് ലഭിച്ച സോഫ്റ്റ്‌വെയർ നിങ്ങളുടെ സുഹൃത്തുക്കളുമായോ പരിചയക്കാരുമായോ പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം.

  4. ഒരു സോഫ്റ്റ്‌വെയറിൽ നിങ്ങൾ വരുത്തിയ മാറ്റങ്ങൾ മറ്റൊരാളുമായി പങ്കുവെയ്ക്കാനുള്ള സ്വാതന്ത്ര്യം.

ലോകം മൊബൈലിലേക്ക് പതുക്കെ ചുവടുമാറുകയാണെങ്കിലും, ഇപ്പോളും ടെക്നോളജി മേഖലകളിൽ, കമ്പ്യൂട്ടറുകൾ പ്രബലർ തന്നെയാണു്. ഒരു കമ്പ്യൂട്ടറിലെ ഏറ്റവും പ്രധാനപ്പെട്ട സോഫ്റ്റ്‌വെയർ അതിലെ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു്. ഒരു ഉപയോക്താവ് പ്രധാനമായും സംവദിക്കുന്നത് ഈ സോഫ്റ്റ്‌വെയറിനോടാണു്. ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു് നമുക്കാവശ്യമുള്ള പ്രവൃത്തികൾ ചെയ്യാൻ നമ്മെ സഹായിക്കുന്നത്. നമ്മളിൽ പലരും കമ്പ്യൂട്ടർ മേടിക്കുമ്പോൾ കൂടെ ലഭിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിൻഡോസ് മാത്രം ഉപയോഗിച്ച് പരിചയമുള്ളവരാണു്. ചിലരാകട്ടെ, ആപ്പിൾ കമ്പനി പുറത്തിറക്കുന്ന മാക്കിന്റോഷ് കമ്പ്യൂട്ടറുകളും അവയിലെ മാൿ ഓഎസും ഉപയോഗിക്കുന്നു. എന്നാൽ ഈ സോഫ്റ്റ്‌വെയറുകളൊന്നും മേൽപറഞ്ഞ നാലു് സ്വാതന്ത്ര്യങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്നില്ലെന്ന് മാത്രമല്ല, ആ സ്വാതന്ത്ര്യങ്ങൾ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് പകർപ്പവകാശനിയമങ്ങൾ ഉപയോഗിച്ച് നിയമവിരുദ്ധമാക്കുകയും ചെയ്തിരിക്കുന്നു. ഈ കുത്തക (proprietary) ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾക്ക് ഒരു ബദലായി നിലകൊള്ളുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ഒരു കൂട്ടമാണു് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ. പകർപ്പവകാശത്തിന്റെ കെട്ടുപാടുകൾ ഒന്നുമില്ലാതെ, നിങ്ങൾക്ക് കിട്ടുന്ന സ്വാതന്ത്ര്യം നിങ്ങൾ മറ്റുള്ളവർക്കും നൽകുക എന്ന നിബന്ധനമാത്രം വച്ചുകൊണ്ട് പുറത്തിറക്കിയിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളാണിവ.

ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത് ഒന്ന് അതിന്റെ കേർണൽ. വേറൊന്ന് സഹായക ഉപകരണങ്ങളും സോഫ്റ്റ്‌വെയർ ലൈബ്രറികളും. കെർണലാണു് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പ്രധാന പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത്. മറ്റുപകരണങ്ങളും ലൈബ്രറികളും ഈ ജോലിയിൽ കേർണലിനെ സഹായിക്കുന്നു. എളുപ്പത്തിൽ പറഞ്ഞാൽ കേർണൽ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ തലച്ചോറും ബാക്കിയുള്ളവ ശരീരഭാഗങ്ങളുമാണു്. ഇവ പരസ്പരപൂരകങ്ങളാണു്. ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ലൈനസ് ടോർവാൾഡ്സ് എന്ന ഫിൻലൻഡുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ നിർമ്മിച്ച് സ്വതന്ത്ര ലൈസൻസിൽ പുറത്തിറക്കിയിരിക്കുന്ന ലിനക്സ്എന്ന കേർണലും, സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ പുറത്തിറക്കിയിരിക്കുന്ന ലൈബ്രറികളുടേയും ഉപകരണങ്ങളുടേയും കൂട്ടമായ ഗ്നുസിസ്റ്റവുമാണു് പ്രധാനഭാഗങ്ങൾ. ഇവയെ കൂടാതെ ഉപയോഗപ്രദമായ മറ്റു നിരവധി സോഫ്റ്റ്‌വെയറുകളും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ പറ്റി കേൾക്കുമ്പോൾ സാധാരണയായി വരുന്ന ഒരു വാക്കാണു് ഡിസ്ട്രോകൾ (അല്ലെങ്കിൽ ഡിസ്ട്രിബ്യൂഷനുകൾ). ഗ്നു/ലിനക്സ് അടിത്തറയുടെ മുകളിൽ നിർമ്മിച്ചിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ വിളിക്കുന്ന പേരാണു് ഡിസ്ട്രോ എന്നത്. ഇവയുടെ അടിത്തറ ഗ്നു/ലിനക്സ് ആണെങ്കിലും, ഉൾക്കൊള്ളിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ കാര്യത്തിലും, പുതിയ പതിപ്പുകളുടെ ലഭ്യതയുടെ കാര്യത്തിലും, ലക്ഷ്യം വയ്ക്കുന്ന ഉപയോക്താക്കളുടെ കാര്യത്തിലുമൊക്കെ ഇവ വിഭിന്നമാണു്. ഉദാഹരണത്തിനു് പുതിയ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ വേണ്ട രീതിയിൽ ക്രമീകരിച്ചിരിക്കുന്ന, അതിനുള്ള സോഫ്റ്റ്‌വെയറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഉബുണ്ടു ലിനക്സ്, ലിനക്സ് മിന്റ് എന്നിങ്ങനെയുള്ള ഡിസ്ട്രോകൾ, സ്ഥിരതയുടെ കാര്യത്തിൽ പ്രശസ്തിയാർജിച്ച ഡെബിയൻ ഗ്നു/ലിനക്സ്, കുറച്ചുകൂടി ഉയർന്ന ടെക്നിക്കൽ പരിജ്ഞാനമുള്ളവർക്കായുള്ള ആർച്ച് ലിനക്സ്, വ്യവസായമേഖലയെ ഉന്നം വയ്ക്കുന്ന റെഡ്‌ഹാറ്റ് ലിനക്സ്, സുരക്ഷാപിഴവുകൾ കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള കാലി ലിനക്സ് എന്നിങ്ങനെ പലതു്. ഉപയോക്താവിന്റെ താൽപര്യവും അറിവും അനുസരിച്ച് ഇവയിൽ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. പുതിയ ഉപയോക്താക്കൾക്ക് എളുപ്പം ലിനക്സ് മിന്റ്എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആയിരിക്കും എന്നാണു് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം.

Linux Mint

ubuntu

വിൻഡോസ്, മാൿ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ അവർ നൽകുന്ന സൗകര്യങ്ങൾ മാത്രമുപയോഗിക്കാൻ നിങ്ങളെ നിർബന്ധിക്കുമ്പോൾ, അതല്ലെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കാൻ കൂടുതൽ പണം ആവശ്യപ്പെടുമ്പോൾ, ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നിങ്ങളുടെ കമ്പ്യൂട്ടറിനെ സജ്ജീകരിക്കാൻ സഹായിക്കുന്നു. നമ്മളിൽ പലരും വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പൈറേറ്റഡ് പതിപ്പുപയോഗിക്കുന്നവരാണു്. അതായത്, പണം നൽകി വാങ്ങാതെ മറ്റുവഴികളിലൂടെ ലഭിക്കുന്ന പതിപ്പുകൾ ഉപയോഗിക്കുന്നവർ. ഇത് നിയമവിരുദ്ധമാണെന്നത് നമ്മളിൽ പലർക്കും അറിയില്ലെന്നതാണു് സത്യം. മൈക്രോസോഫ്റ്റ് കോർപ്പറേഷനു് ഇത്തരം ഉപയോക്താക്കൾക്കെതിരെ കേസ് കൊടുക്കാനും നഷ്ടപരിഹാരം ഈടാക്കാനും നിയമപരമായി തന്നെ കഴിയും. എന്നാൽ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഇത്തരം പ്രശ്നങ്ങളൊന്നുമില്ല. നാലു് സ്വാതന്ത്ര്യങ്ങളും പരിരക്ഷിക്കുന്നതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ളവർക്ക് പങ്കുവെയ്ക്കാൻ അനുവാദമുണ്ട്. ഭൂരിഭാഗം ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളും സൗജന്യമായതിനാൽ അവ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുകയുമില്ല.

വിൻഡോസിൽ കണ്ടുപരിചയിച്ച മിക്ക സോഫ്റ്റ്‌വെയറുകളും ഗ്നു/ലിനക്സിലും ലഭ്യമാണു് ഫയർഫോക്സ് ബ്രൗസർ, വിഎൽസി മീഡിയ പ്ലെയർ എന്നിവ ഉദാഹരണം. ലഭ്യമല്ലാത്ത (സാധാരണഗതിക്ക് കുത്തക – proprietary) സോഫ്റ്റ്‌വെയറുകൾക്ക് മികച്ച പകരക്കാരും ഇതിൽ ലഭ്യമാണു് മൈക്രോസോഫ്റ്റ ഓഫീസിനു പകരമായിട്ടുള്ള ലിബ്രെ ഓഫീസ് സ്യൂട്ട്, ഫോട്ടോഷോപ്പിനു പകരമുള്ള ജിമ്പ്, ഇല്ലസ്ട്രേറ്ററിനു പകരമുള്ള ഇങ്ക്സ്കേപ്പ് എന്നിങ്ങനെ. ലഭ്യമായ സവിശേഷതകളുടെ കാര്യത്തിലും ഉപയോഗിക്കാനുള്ള എളുപ്പത്തിന്റെ കാര്യത്തിലും കുത്തക സോഫ്റ്റ്‌വെയറുകളോള്ളം, അല്ലെങ്കിൽ അവയെക്കാൾ മികച്ചവയാണു് ഇവയിൽ പലതും. സാധാരണ ഉപയോക്താക്കൾക്ക് ഉപയോഗപ്രദമായ മറ്റൊരു കാര്യം, ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ ഒരുപരിധി വരെയുള്ള വൈറസ്മുക്ത സ്വഭാവമാണു്. വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ അപേക്ഷിച്ച് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ വൈറസ് ബാധിക്കാനുള്ള സാദ്ധ്യത തുലോം കുറവാണു്. അതിനാൽ തന്നെ ഉപയോക്താക്കൾക്ക് ധൈര്യപൂർവം ഇന്റർനെറ്റ് ഉപയോഗിക്കുകയോ, പെൻഡ്രൈവ് പ്രവർത്തിപ്പിക്കുകയോ ചെയ്യാം. ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയറിന്റെ സഹായമില്ലാതെ തന്നെ.

പ്രവൃത്തിയുടെ കാര്യത്തിലായാലും, പണച്ചിലവിന്റെ കാര്യത്തിലായാലും, സുരക്ഷയുടെ കാര്യത്തിലായാലും, എല്ലാത്തിനുമുപരി ഉപയോക്തൃസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലായാലും ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ എതിരാളികളേക്കാൾ വളരെ മുന്നിലാണു്. കൂടാ ഉപയോക്താക്കൾക്കുണ്ടാവുന്ന ഏതൊരു സംശയത്തിനും എളുപ്പത്തിൽ സമീപിക്കാവുന്ന ഒരു കൂട്ടായ്മയും ഇവയ്ക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ, ടെക്നോളജിയിൽ താൽപര്യമുള്ള ഏതൊരാൾക്കും ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ഉപകാരപ്രദമാവുമെന്ന് ഉറപ്പാണു്.

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image