സോഫ്റ്റ് വെയറുകളിലെ ഓപണ്‍സോഴ്സ് പകരക്കാര്‍

അൽഫാസ് എസ്‌.റ്റി

പ്രൊപ്രൈറ്ററി ഓപറേറ്റിംഗ് സിസ്റ്റത്തില്‍ നിന്നും സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വിവിധ ആവശ്യങ്ങള്‍ക്ക് അവിടെ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയറുകള്‍ ലഭ്യമല്ല എന്നത്. Adobe യെപോലുള്ള അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ രംഗത്തെ ഭീമന്‍മാരെ ഗ്നു-ലിനക്സില്‍ ലഭിക്കാത്തത് ആ സോഫ്റ്റ് വെയറുകള്‍ പരിജയിച്ച ആളുകള്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ എല്ലാത്തരം ആവശ്യങ്ങള്‍ക്കും ഗ്നു-ലിനക്സിലും മറ്റ് ഓപറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ധാരളം ആള്‍ട്ടര്‍നേറ്റിവ്  സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ലഭ്യമാണ്. 

♦ ലിബ്രേ ഓഫീസ്

ഗ്നു/ലിനക്സ് സിസ്റ്റങ്ങള്‍ക്കു വേണ്ടിയുള്ള ഓഫീസ് സ്വീറ്റാണു ലിബ്രേഓഫീസ്. വേഡ് പ്രൊസസര്‍ ആയ റൈറ്റര്‍, സ്പ്രഡ്ഷീറ്റ് സോഫ്റ്റ്‍വെയറായ കാല്‍ക്, പ്രസന്റേഷനുകള്‍ തയ്യാറാക്കുള്ള ഇംപ്രസ്, ഡാറ്റാബേസ് ആവശ്യങ്ങള്‍ക്കുള്ള ബേസ്, വെക്റ്റര്‍ ഗ്രാഫിക്സിനും ഡിടിപിക്കും ഉപയോഗിക്കാവുന്ന ഡ്രോ എന്നിവയാണു ലിബ്രേഓഫീസില്‍ ഉള്ളത്. പിഡിഎഫ് എക്സ്പോര്‍ട്ടിംഗ്, മൈക്രോസോഫ്റ്റ് ഓഫീസ് ഫോര്‍മാറ്റുകളുമായുള്ള കോംപാറ്റിലിബിറ്റി എന്നിവ ലിബ്രേഓഫീസില്‍ ലഭ്യമായിട്ടുള്ള സൗകര്യങ്ങളാണു്. അടുത്ത പതിപ്പോടെ എംഎസ് ഓഫീസില്‍ ലഭ്യമായ റിബണ്‍ ഇന്റര്‍ഫേസും ലിബ്രേഓഫീസിലെത്തും. ഏറെക്കുറെ എല്ലാ ലിനക്സ് വിതരണങ്ങളുടെ റിപ്പോസിറ്ററികളിലും ലിബ്രേഓഫീസ് ലഭ്യമാണു്.

♦ വെബ് ബ്രൗസര്‍

ജനപ്രിയ വെബ് ബ്രൗസറുകളായ മോസില്ല ഫയര്‍ഫോക്സ് (firefox), ഗൂഗിള്‍ ക്രോം, ഒപ്പേറ എന്നിവ ലിനക്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണു്. ക്രോമിയം (chromium), മിഡോരി (midori), കോണ്‍ക്വറര്‍ (konqueror), അറോറ (aurora), ഗ്നോം വെബ് (web) എന്നിവയാണു് ലഭ്യമായ മറ്റു ബ്രൗസറുകള്‍. ഇവയില്‍ ഭൂരിഭാഗവും റിപ്പോകളില്‍ ലഭ്യമാണു്.

♦ ഇമെയില്‍ ക്ലൈന്റുകള്‍

മോസില്ല തണ്ടര്‍ബേഡ് (thunderbird), ഗിയറി (geary), എവലൂഷന്‍ (evolution), കെമെയില്‍ (kmail), എന്‍1 എന്നിവയാണു് ലിനക്സില്‍ ഉപയോഗിക്കാവുന്ന ഇമെയില്‍ ക്ലൈന്റുകള്‍. ഇവയെല്ലാം റിപ്പോയില്‍ നിന്നു ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണു്.

♦ ഇന്‍സ്റ്റന്റ് മെസേജിങ്

ഗൂഗിള്‍ ടോക്ക്, ഫേസ്ബുക്ക് മുതലായ ചാറ്റിങ് സേവനങ്ങളെ പിന്തുണക്കുന്ന ലിനക്സില്‍ ലഭ്യമായ രണ്ടു ഐഎം സോഫ്റ്റ്‍വെയറുകളാണു പിഡ്ഗിനും (pidgin) എമ്പതിയും (empathy). ഇവ രണ്ടും റിപ്പോയില്‍ ലഭ്യമാണു്. ജനപ്രിയ വീഡിയോ ചാറ്റിങ് സേവനമായ സ്കൈപ്പും, ടെലിഗ്രാമും ലിനക്സ് പതിപ്പ് പുറത്തിറക്കുന്നുണ്ട്.

♦ ടോറന്റ്

ബിറ്റ്ടോറന്റ് (bittorrent), വൂസ് (vuze), ഡെല്‍യൂജ് (deluge) എന്നിവയാണു് ലിനക്സില്‍ ലഭ്യമായ ടോറന്റ് ക്ലൈന്റുകള്‍.

♦ ഗിമ്പ്

ചിത്രങ്ങള്‍ എഡിറ്റു ചെയ്യാനും വരക്കാനും മറ്റു പലവിധ റാസ്റ്റര്‍ ഗ്രാഫിക്സ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറാണു ഗിമ്പ് (gimp). അഡോബ് ഫോട്ടോഷോപ്പ് പോലെത്തന്നെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും പലരും ഗിമ്പ് ഉപയോഗിക്കാറുണ്ട്. ലെയറുകള്‍, ആനിമേഷന്‍, സ്ക്രിപ്റ്റുകള്‍, ജെപിജി, പിഎന്‍ജി, പിഡിഎഫ് പോലെയുള്ള ഫോര്‍മാറ്റുകളിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനുള്ള സൗകര്യം, പിഎസ്ഡി, എസ്‍വിജി തുടങ്ങിയ ഫോര്‍മാറ്റുകള്‍ക്കുള്ള പിന്തുണ എന്നിവ ഗിമ്പിന്റെ സവിശേഷതകളാണു്. ഗിമ്പും റിപ്പോസിറ്ററികളില്‍ ലഭ്യമാണു്.

♦ ഇങ്ക്സ്കേപ്

വെക്റ്റര്‍ ഗ്രാഫിക്സ് മേഖലയില്‍ ഉപയോഗിക്കാവുന്ന ഒരു ശക്തിമത്തായ സോഫ്റ്റ്‍വെയറാണു് ഇങ്ക്സ്കേപ് (inkscape). എറെക്കുറെ എല്ലാ ബ്രൗസറുകളും പിന്തുണക്കുന്ന എസ്‍വിജി ആണു ഇങ്ക്സ്കേപില്‍ സ്വതേ ഉപയോഗിക്കുന്ന ഫയല്‍ ഫോര്‍മാറ്റ്. ഇല്ലസ്ട്രേറ്റര്‍, കോറല്‍ഡ്രോ എന്നിവയില്‍ നിര്‍മ്മിക്കുന്ന ഫയലുകള്‍ ഇങ്ക്സ്കേപ്പില്‍ തുറക്കാനുമാകും. മറ്റു വെക്റ്റര്‍ ഗ്രാഫിക്സ് സോഫ്റ്റ്‍വെയറുകളെ അപേക്ഷിച്ച്, ഇങ്ക്സ്കേപ് ധാരാളം സങ്കീര്‍ണ ലിപികളെ പിന്തുണക്കുന്നുണ്ട്. ഒട്ടു മിക്ക ലിനക്സ് വിതരണങ്ങളിലും ഇങ്ക്സ്കേപ്പ് ലഭ്യമാണു്.

♦ മീഡിയ പ്ലെയര്‍

മറ്റു മള്‍ട്ടിമീഡിയ പ്ലെയറുകളേക്കാള്‍ ജനപ്രിയവും കൂടുതല്‍ ഫയല്‍ ഫോര്‍മാറ്റുകളെ പിന്തുണക്കുന്നതുമായ സോഫ്റ്റ്‍വെയറാണു് വിഎല്‍സി (vlc). എല്ലാ ലിനക്സ് വിതരണങ്ങളുടേയും റിപ്പോയില്‍ വിഎല്‍സി ലഭ്യമാണു്. എംപ്ലെയര്‍ എന്ന സോഫ്റ്റ്‍വെയറിന്റെ കൂടെ ക്യൂട്ടി ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് ചേര്‍ത്തു ലഭ്യമാക്കിയിരിക്കുന്ന വീഡിയോ പ്ലയര്‍ ആണു എസ്എംപ്ലയര്‍ (smplayer). വിഎല്‍സിയെ അപേക്ഷിച്ച് മെച്ചപ്പെട്ട മലയാളമടക്കമുള്ള ഭാഷകളില്‍ സബ്ടൈറ്റില്‍ പിന്തുണ എസ്എംപ്ലെയര്‍ പ്രദാനം ചെയ്യുന്നു.

♦ വീഡിയോ എഡിറ്ററുകള്‍

ലളിതമായ ഇന്റര്‍ഫേസ് പ്രദാനം ചെയ്യുന്ന ഒരു വീഡിയോ എഡിറ്റര്‍ ആണു ഓപണ്‍ഷോട്ട് (openshot). കുറച്ചുകൂടി ഓപ്ഷനുകള്‍ ലഭ്യമായ മറ്റൊരു വീഡിയോ എഡിറ്ററാണു കെഡിഇഎന്‍ലൈവ് (kdenlive). കംപോസിറ്റിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണു് സിനലെറ (http://cinelerra.org/). ഇവയെല്ലാം റിപ്പോകളില്‍ ലഭ്യമാണു്. വാണിജ്യാവശ്യങ്ങള്‍ക്ക് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പ്രൊഫഷണല്‍ വീഡിയോ എഡിറ്റര്‍ സ്വീറ്റാണു ലൈ‍റ്റ്‍വര്‍ക്ക്സ് (http://www.lwks.com/ ).

♦ ഒഡാസിറ്റി

ഇന്നു ലഭ്യമായതില്‍ മികച്ച ഒരു ഓഡിയോ എഡിറ്ററാണു ഒഡാസിറ്റി (audacity). പ്രൊഫഷണല്‍ക്കു നിര്‍ദ്ദേശിക്കാറില്ലെങ്കിലും സാധാരണ ആവശ്യങ്ങള്‍ക്കെല്ലാം ഒഡാസിറ്റി ഉപയോഗിക്കാവുന്നതാണു്. ഒഡാസിറ്റി ലിനക്സ് റിപ്പോകളില്‍ ലഭ്യമാണു്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഗ്നു ലിനക്സ് വിതരണമാണു് ഉബുണ്ടു സ്റ്റുഡിയോ (http://ubuntustudio.org/ ).

♦ ബ്ലെന്‍ഡര്‍, മായ

ത്രീഡി ഗ്രാഫിക്സിനും മോഡലിങ്ങിനും ഉപയോഗിക്കാവുന്ന ഒരു പ്രൊഫഷണല്‍ സോഫ്റ്റ്‍വെയറാണു ബ്ലെന്‍ഡര്‍ (blender). ആനിമേഷന്‍, കംപോസിറ്റിങ്, വീഡിയോ എഡിറ്റിങ്, സിമുലേഷന്‍ എന്നിവക്കുള്ള സൗകര്യങ്ങളും ബ്ലെന്‍ഡറില്‍ ലഭ്യമാണു്. സജീവമായ ഒരു കമ്യൂണിറ്റി പിന്തുണയുള്ള സോഫ്റ്റ്‍വെയര്‍ കൂടിയാണു് ബ്ലെന്‍ഡര്‍. നിരവധി ഹ്രസ്വ ചിത്രങ്ങളും ടെലിവിഷന്‍ പരസ്യങ്ങളും ബ്ലെന്‍ഡറില്‍ നിര്‍മ്മിച്ചിട്ടുണ്ട്. ബ്ലെന്‍ഡര്‍ ലിനക്സ് റിപ്പോകളില്‍ ലഭ്യമാണു്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറായ ഓട്ടോഡെസ്ക് മായയും ലിനക്സ് പ്ലാറ്റ്ഫോമില്‍ ലഭ്യമാണു് (http://www.autodesk.com/maya ).

♦ ഗണിതം, സ്റ്റാറ്റിസ്റ്റിക്സ്

ഗണിതാവശ്യങ്ങള്‍ക്കു സാധാരണയായി ഉപയോഗിക്കുന്ന വോള്‍ഫ്രാം മാത്തമാറ്റിക്ക (http://www.wolfram.com/mathematica), മാത്‍ലാബ് (http://mathworks.com/products/matlab), സ്റ്റാറ്റിസ്റ്റിക്സ് സോഫ്റ്റ്‍വെയറായ ഐബിഎം എസ്പിഎസ്എസ് (https://ibm.com/marketplace/cloud/statistical-analysis-and-reporting/) എന്നിവ ലിനക്സ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണു്. എന്നാല്‍ ഇവയെല്ലാം പണം കൊടുത്ത് വാങ്ങേണ്ട കുത്തക സോഫ്റ്റ്‍വെയറുകളാണു്. മാത്‍ലാബിനു പകരം ലഭ്യമായ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളാണു സൈലാബ്, ഗ്നു ഒക്റ്റേവ് എന്നിവ. മാത്‍ലാബില്‍ ലഭ്യമായ ഏറെക്കുറെ എല്ലാ സൗകര്യങ്ങളും ഈ സോഫ്റ്റ്‍വെയറുകളിലും ലഭ്യമാണു്. ആര്‍സ്റ്റുഡിയോ (ബാക്കെന്‍ഡ് ആയി ആര്‍ – r), പിഎസ്പിപി (pspp), സേജ്മാത്ത് (ഗ്രാഫിക്കല്‍ ഇന്റര്‍ഫേസായി കാന്റര്‍ – cantor) എന്നീവ എസ്പിഎസ്എസിനു പകരം ഉപയോഗിക്കാവുന്ന സോഫ്റ്റ്‍വെയറുകളാണു്. സൈലാബ്, ഒക്റ്റേവ്, ആര്‍, പിഎസ്പിപി, സേജ്മാത്ത് എന്നിവ റിപ്പോകളില്‍ ലഭ്യമാണു്. കമ്പ്യൂട്ടേഷണല്‍ ഫ്ലൂയിഡ് ഡൈനാമിക്സ് സോഫ്റ്റ്‍വെയറുകളില്‍ സാധാരണ ഉപയോഗിക്കുന്ന ഓപ്പണ്‍ഫോമും (openfoam) റിപ്പോകളില്‍ ലഭ്യമാണു്.

♦ കാഡ്

ബ്രിക്സ്കാഡ് (https://www.bricsys.com/), വാരികാഡ് (www.varicad.com/ ) എന്നീ കുത്തക സോഫ്റ്റ്‍വെയറുകള്‍, ഫ്രീകാഡ് (freecad), ലിബ്രേകാഡ് (librecad), ഓപ്പണ്‍സ്കാഡ് (openscad), ഇന്റീരിയര്‍ ഡിസൈനിങ്ങിനുപയോഗിക്കുന്ന സ്വീറ്റ് ഹോം 3ഡി (sweethome3d) എന്നീ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ എന്നിവയാണു് ലിനക്സിനു ലഭ്യമായ കാഡ് സോഫ്റ്റ്‍വെയറുകള്‍. ഫ്രീകാഡ്, , ലിബ്രേകാഡ്, സ്വീറ്റ് ഹോം 3ഡി, ഓപ്പണ്‍സ്കാഡ് എന്നിവ ലിനക്സ് റിപ്പോകളില്‍ ലഭ്യമാണു്. ബ്രിക്സ്കാഡ്, വാരികാഡ് എന്നിവ വെബ്സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യണം.

..

Leave a Reply

Your email address will not be published. Required fields are marked *

Enter Captcha Here : *

Reload Image